ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാംഭാഗത്തിലെ ആദ്യരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആനയാണ് കാളിദാസന്.ഇടഞ്ഞ് ഓടിവരുന്ന കൊമ്പനെ മുട്ടുകുത്തിച്ച് ബാഹുബലിയായി അഭിനയിച്ച പ്രഭാസ് മസ്തകത്തില്‍ ചവിട്ടി നെഞ്ച് വിരിച്ചു നില്ക്കുന്ന സീനിലെ അതെ കൊമ്പന് ചിറയ്ക്കല്‍ കാളിദാസന്.കാളിദാസന് പ്രത്യക്ഷപ്പെട്ട രംഗങ്ങളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.അതെ കയ്യടി ആനക്കാരനായ മാമ്പിയ്ക്കും ലഭിച്ചു. ജൂനിയര്‍ തെച്ചിക്കോടന് എന്നറിയപ്പെടുന്ന ചിറയ്ക്കല്‍ കാളിദാസന്റെ ആദ്യ പടമല്ല ബാഹുബലി. പട്ടാഭിഷേകം, പുണ്യാളന്‍സ് അഗര്‍ബത്തീസ് തുടങ്ങിയ മലയാളം പടങ്ങളിലും ഷാറൂഖ് ഖാന് നായകനായ ദില്‍സേ എന്ന ഹിന്ദി പടത്തിലും ഈ ഗജവീരന് മുഖം കാണിച്ചിട്ടുണ്ട്.ഒപ്പം അടുത്തിടെ കാളിയെ കഥാപാത്രമാക്കി ഗജം എന്നൊരു മ്യൂസിക്കല്‍ ആല്‍ബവും പുറത്തിറങ്ങി.സാരഥി മാമ്പി എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഫ്രീക്കന്‍ പാപ്പാന് ശരത്തില്ലാതെ കാളിയെ മെരുക്കാന്‍ മറ്റൊരാളില്ലെന്ന ചൊല്ല് തന്നെ തൃശൂര്കാര്ക്കിടയിലുണ്ട്.തൃശൂര്‍ പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്ന കാളികൊമ്പനെകാണാനായി മാത്രം പൂരപ്പറമ്പിലെത്തുന്നവരുണ്ട്.
കര്‍ണാടകയാണ് കാളിയുടെ സ്വദേശം.വനത്തില്‍ നിന്ന് വനംവകുപ്പിലേക്കെത്തിയ ആന പിന്നീട് ഒരു ആശ്രമത്തില്‍ കുറച്ചുകാലം ജീവിച്ചു.തൃശൂര്‍ അന്നകര സ്വദേശി ചിറയ്ക്കല്‍ മധുവിന്റെ സ്വന്തമായതോടെയാണ് ചിറയ്ക്കല്‍ കാളിദാസനെന്ന പേര് കിട്ടി.സിനിമയിലെ നായക കഥാപാത്രത്തെ വെല്ലുന്ന പരിവേഷമാണ് മാമ്പിക്ക്. ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും താരസാന്നിധ്യമാണ് ഈ കൂട്ടുകെട്ട്. .ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ ചിറയ്ക്കല്‍വെളി പുരുഷോത്തമന്റെ മകന് 27കാരന് ശരത്ത് ആനപ്രേമം മൂത്ത് പല തവണ വീട് വിട്ടുപോയിട്ടുണ്ട്. നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ച പേരാണ് മാമ്പി. 11-ാമത്തെ വയസില്‍ തോട്ടിയും കോലുമെടുത്ത് ആനയോടൊപ്പമായി മാമ്പിയുടെ യാത്ര.കുളമാക്കില്‍ കുട്ടിക്കൃഷ്ണന്റെ രണ്ടാം പാപ്പാനായിട്ടായിരുന്നു തുടക്കം. പിന്നീട് നിരവധി ആനകളുടെ സാരഥിയായി ശരത്ത് ജോലി ചെയ്തു. ചിറയ്ക്കല്‍ കാളിദാസനോടൊപ്പം കൂടിയിട്ട് വര്‍ഷം അഞ്ചാകുന്നു
കാളിയും മാമ്പിയും പൂരപ്പറമ്പുകളില്‍ ഒന്നിച്ചിറങ്ങിയാല്‍ പിന്നെ ആരാധകരുടെ തിരക്കാണ്.