പ്രണയം തീണ്ടി മരിച്ച പെണ്ണ്…!!! 5/5 (5)

ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുള്ള സ്വപ്നത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പെണ്ണ്.തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ജീവിച്ചിരുന്ന ചെല്ലമ്മ.നര്‍ത്തകിയും മികച്ച ഗായികയുമായിരുന്നു ചെല്ലമ്മ.കാണാന്‍ അതിസുന്ദരിയായതിനാല്‍ സുന്ദരിച്ചെല്ലമ്മ എന്ന് അവര്‍ അറിയപ്പെട്ടു.പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയില്‍ പെണ്‍കുട്ടികള്‍ക്ക്മാത്രമായുള്ള സ്‌കൂളിലെ സംഗീത-നൃത്ത അധ്യാപികയായിരുന്നു അവര്‍.ഈ കാലത്തിനിടയ്ക്ക് തന്റെ സ്‌കൂള്‍ ഗേറ്റനിന് മുന്നില്‍ വെച്ച് കാറില് പോകുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ ചെല്ലമ്മ കാണാനിടയായി.ആദ്യ കാഴ്ചയില്‍ തോന്നിയ കൗതുകം പ്രണയമായി മാറാന്‍ അധികകാലമെടുത്തില്ല പത്മാനാഭസ്വാമി ക്ഷേത്രത്തില്‍വെച്ചും സ്‌കൂളിലെ പരിപാടികള്‍ ചീഫ് ഗസ്റ്റായി എത്തിയിരുന്നപ്പോഴും മഹാരാജാവിന്റെ സാന്നിധ്യത്തില്‍ ചെല്ലമ്മ ഒരുപാട് ആനന്ദിച്ചു.മഹാരാജാവ് എത്തുമെന്നറിയുമ്പോഴോക്കെ മുല്ലപ്പൂ ചൂടി നെറ്റിയില്‍ ചന്ദനം തൊട്ട് ആഭരണങ്ങളണിഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങി.
അദ്ദേഹത്തെ കാണുമ്പോഴൊക്കെ പരിസരം മറന്നവള്‍ നിന്നു.

തന്റെ 21-ാം വയസില്‍ ചെല്ലമ്മ സ്‌കൂളിലൊരു നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സദസില്‍ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയായിരുന്നു വിശിഷ്ടാതിഥി.രാജാവിന്റെ കൈകൊണ്ട് ഒരു കസവ് നേരിയത് ചെല്ലമ്മയ്ക്ക് കിട്ടി.
ആ സമ്മാനം ചെല്ലമ്മയുടെ മനസില്‍ പുടവകൊട ആയി മാറി.മഹാരാജാവ് പുടവ നല്‍കി സ്വീകരിച്ചവളാണെന്ന അവള്‍ സ്വയം വിശ്വസിച്ചു.തമ്പുരാന് വേണ്ടി ജീവിച്ചു,പാടി,നൃത്തം ചെയ്തു.
അന്ധമായ പ്രണയം ചെല്ലമ്മയുടെ മനോനില തെറ്റിച്ചു.ജോലി പോയതും ജീവിതം തകരുന്നതും ബന്ധുക്കള്‍ ഉപേക്ഷിച്ചതും പ്രണയലോകത്തിരുന്ന അവര്‍ അറിഞ്ഞിരുന്നില്ല.മുഴുഭ്രാന്തായി മാറിയെങ്കിലും പതിവുമുടക്കാതെ പ്രഭാതങ്ങളില്‍ അണിഞ്ഞൊരുങ്ങി തമ്പുരാനെ കാത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളില്‍ നിന്നിരുന്നു.ഒടുവില്‍ പത്മനാഭന്റെ തെരുവില്‍ ഒരുദിവസം തണുത്തു വിറങ്ങലിച്ച് കിടന്നു സുന്ദരിചെല്ലമ്മയുടെ ശവശരീരം.നഗരസഭയുടെ വണ്ടിയില്‍ ആ ശരീരം തൈക്കാട് ശാന്തികവാടത്തില്‍ അനാഥമായി സംസ്‌കരിക്കപ്പെട്ടു.

Please rate this